കണ്ണൂർ : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക് സേവനം ഇനി മുതൽ ജില്ലയിലെ ഡി വൈ എസ് പി,എ സി പി ഓഫീസുകളിലും ലഭ്യമാകും. പോലീസ് സ്റ്റേഷനിൽ എത്തിപ്പെടുന്ന അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് പോലീസ് സ്റ്റേഷനുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ആരംഭിക്കുന്നത്.
ജില്ലയിൽ കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, എ സി പി ഓഫീസികളിലും, പേരാവൂർ, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂർ ഡി വൈ എസ് പി ഓഫീസുകളിലും ഇതിന്റെ കീഴിൽ വരുന്ന പോലിസ് സ്റ്റേഷനുകളിലും സ്നേഹിതയുടെ കൗൺസിലർ സേവനം ഇനി മുതൽ ലഭ്യമാകും.
പേരാവൂർ സബ് ഡിവിഷനിലെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്കെ.സുധാകരൻ അധ്യക്ഷനായിരുന്നു.ഡിവൈഎസ്പികെ.വി പ്രമോദൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. വേണുഗോപാലൻ,സിഡിസി ചെയർപഴ്സൻ ശാനി ശശിന്ദ്രൻ, മാലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഹൈമാവതി,കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ, മാലൂർ എസ്എച്ച്ഒ എം.സജിത്ത്,ജൂബിലി ചാക്കോ, പേരാവൂർ എസ്എച്ച്ഒ പി. ബി. സജീവ്, സെൻ്റർ കോർഡിനേറ്റർ അഖില പ്രസംഗിച്ചു.
കുടുംബശ്രീ സംസ്ഥാന മിഷന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതിയാണ് സ്നേഹിത എക്സ്റ്റൻഷൻ സെന്റർ. ജില്ലയിലെ സ്റ്റേഷനുകളിൽ സ്നേഹിതാ സെന്റർ ഉദ്ഘാടനം കണ്ണൂർ എ സി പി ഓഫീസിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി നിർവഹിച്ചു. പരിചയ സമ്പന്നരായ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമാണ് സ്റ്റേഷനുകളിൽ സേവനം ലഭ്യമാക്കുന്നത്. പരാതിക്കാർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തുക, കൗൺസിലിംഗ് സേവനം നൽകുക, താൽക്കാലിക ഷെൽട്ടറിങ് ആവശ്യമുള്ളവർക്ക് സ്നേഹിത ജൻഡർ ഹെല്പ് ഡസ്കിൽ ഷെൽട്ടറിങ് ലഭ്യമാക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസിക നില അവലോകനം ചെയ്യുക, കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പരാതി പരിഹാരം മെച്ചപ്പെടുത്താൻ പോലീസിനെ സഹായിക്കുക, പരാതിക്കാരുടെയും ബാധിതരുടെയും മാനസികനില അവലോകനം ചെയ്യുക എന്നിവയൊക്കെ യാണ് ഈ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കാനും ഉപജീവനത്തിനും അതിജീവനത്തിനും ഉതകുന്ന പിന്തുണകൾ നൽകാനും ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും തത്കാലിക അഭയവും നൽകുക എന്ന ഉദ്ദേശത്തോട് കൂടി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ 2017 ഡിസംബർ 16 ന് സ്നേഹിത ജൻഡർ ഹെല്പ് ഡസ്ക് കണ്ണൂർ മുണ്ടയാട് പള്ളിപ്രത്ത് പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിതാ ജൻഡർ ഹെല്പ് ഡസ്ക്കിൽ 24 * 7 കൗൺസിലിംഗ് ടെലി കൗൺസിലിംഗ് സേവനം ലഭ്യമാണ്. 7 വർഷം പൂർത്തിയാകുമ്പോൾ ഇത് വരെയായി 3037 കേസുകൾ കൈകാര്യം ചെയ്യുകയും നിരവധി പേരുടെ ജീവിതങ്ങൾക്ക് പുതു വെളിച്ചം പകരാനും സാധിച്ചിട്ടുണ്ട്. 1742 പേർക്ക് കൗൺസിലിംഗ് സേവനം ലഭ്യമാക്കുകയും ചെയ്തു. താൽക്കാലിക അഭയത്തിനായി 687 പേരാണ് സ്നേഹിതയെ സമീപിച്ചത്.
സ്നേഹിതയുടെ സേവനങ്ങൾക്കായി വിളിക്കൂ : 0497 2721817,
1800 4250 717.
Snehita is now in Peravoor Police Sub-Division.